Kerala

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം പൂർത്തിയായി. സിനിമാകാര്യങ്ങൾക്ക് പോകുമ്പോൾ സ്വന്തം വാഹനം തടഞ്ഞതിനെ തുടർന്ന് ജോജു കയർത്തെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ജാമ്യത്തിനുള്ള തുക നാശ നഷ്ടത്തിന്റെ 50 ശതമാനമായി നിശ്ചയിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.

യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു. കേസിൽ ഏഴ് പ്രതികളാണ് ആകെയുള്ളത്. സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ജോജുവും തിരിച്ചറിഞ്ഞവരാണ് പ്രതികളാക്കിയിരിക്കുന്ന ഏഴ് പേരും.