Kerala

ദീപുവിന്റെ തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതം സംഭവിച്ചു; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് 24ന്

കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ദീപുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം വിവരങ്ങൾ ട്വന്റിഫോറിന്. ദീപുവിനെ മരണത്തിലേക്ക് നയിച്ചത് വിവിധ കാരണങ്ങളാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ( deepu FIR report details )

ദീപുവിന്റെ തലയിൽ രക്തം കട്ടപിടിച്ചിരുന്നു. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ബ്രെയിൻ ഡെത്ത് നേരത്തെ തന്നെ സംഭവിച്ചിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കരൾ രോഗം മൂർഛിച്ചതും ദീപുവിന്റെ ആരോഗ്യനില വഷളാക്കി. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ മരണം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ദിപുവിന്റെ കൊലപാതകത്തിൽ പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് എഫ്‌ഐആറിൽ പറയുന്നു. ദീപു ട്വന്റി-20 പ്രവർത്തനം നടത്തിയതിനാലാണ് വിരോധമെന്നും എഫ്‌ഐആറിൽ പറയുന്നു. ദീപുവിനെ ഏറ്റവും കൂടുതൽ മർദ്ദിച്ചത് സൈനുദീനാണ്. തടയാൻ ശ്രമിച്ച വാർഡ് മെമ്പർക്ക് നേരെയും പ്രതികൾ തിരിഞ്ഞു. നിഷ അലിയാരെ അസഭ്യം പറഞ്ഞുവെന്നും എഫ്‌ഐആറിൽ പറയുന്നു.

കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നാണ് സിപിഐഎം പ്രവർത്തകർ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ ദീപുവിനെ മർദിച്ചത്. തുടർന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മർദനമേറ്റത്. സംഭവത്തിൽ സൈനുദ്ദീൻ സലാം, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ്, ബഷീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകം ആസൂത്രിതമെന്നായിരുന്നു ട്വന്റി ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബിന്റെ ആരോപണം. മുൻകൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികൾക്ക് എംഎൽഎയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു.

എന്നാൽ സാബു എം ജേക്കബിന്റെ ആരോപണങ്ങൾ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജൻ തള്ളി. സാബുവിന്റെ ആരോപണങ്ങൾ വ്യാജമാണ്. ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന സാബു എം.ജേക്കബിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.വി.ശ്രീനിജൻ പറഞ്ഞു. സംഭവത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി.ദേവദർശൻ പ്രതികരിച്ചു. ദീപുവിന്റെ മരണത്തെ രാഷ്ട്രീയവത്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് സാബു എം.ജേക്കബ് നടത്തുന്നത്. ദീപുവിന്റെ മരണത്തെ ഉപയോഗിച്ച് കിറ്റെക്‌സ് എംഡി സാബു എം.ജേക്കബ് സ്വീകരിക്കുന്ന നിലപാട് ദുരുപധിഷ്ടമാണെന്നും സിപിഐഎം ആരോപിച്ചു.