India Kerala

ഹര്‍ത്താല്‍ ആഹ്വാനം: തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് ഡീന്‍ കുര്യാക്കോസ്

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതില്‍ തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. എല്ലാ കേസുകളിലും തന്നെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി സര്‍ക്കുലര്‍ അയച്ചത് ഇതിന്റെ ഭാഗമാണ്. കേസുകളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കൂട്ടുപ്രതികളാക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് തനിക്കെതിരെ കേസ് ചുമത്തിയത് ഭരണകൂട ഭീകരതയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആരോപണം. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസും രാഷ്ട്രീയ ലക്ഷ്യത്തോടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കൂട്ടുപ്രതികളാക്കണമെന്ന് ഹൈക്കോടതി അവശ്യപ്പെട്ടിട്ടില്ല. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ എല്ലാ കേസുകളിലും പ്രതിയാക്കണമെന്ന് നിയമോപദേശം നല്‍കുകയായിരുന്നു.

തുടര്‍ന്ന് സി.പി.എം പാര്‍ട്ടി മെമ്പറായ അഭിഭാഷകനെ കൊണ്ട് പരാതി എഴുതി വാങ്ങി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് മറ്റൊരു നിയമോപദേശം കൂടി വാങ്ങിയാണ് കേസുകളില്‍ കൂട്ടുപ്രതിയാക്കിയതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പെരിയ കേസ് അട്ടിമറിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.