Kerala

കോവിഡ് കാലത്ത് വര്‍‌ധിപ്പിച്ച കെ.എസ്.ആർ.ടി.സി യാത്രാ നിരക്ക് കുറക്കാൻ തീരുമാനം

കോവിഡ് കാലത്ത് ഉയർത്തിയ കെ.എസ്.ആർ.ടി.സി യാത്രാ നിരക്ക് കുറക്കാൻ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെടും. എന്നാൽ കോവിഡിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് നിരക്ക് കുറക്കില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

കോവിഡ് കാരണം യാത്രക്കാർ കുറഞ്ഞപ്പോഴാണ് നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ചാർജ് കൂട്ടിയത്. ജൂൺ മാസം നിലവിലുണ്ടായിരുന്ന നിരക്കിൽ നിന്ന് 25 % ചാർജ് വർധിപ്പിച്ചു. ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടി. ഇതേ തുടർന്നാണ് ചാർജ് കുറക്കാൻ സർക്കാർ തീരുമാനിച്ചത്. ജനുവരിയിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ സമീപിച്ച് റിപ്പോർട്ട് ആവശ്യപ്പെടും. എന്നാൽ കോവിഡിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് നിരക്ക് കുറക്കില്ല. ജൂണിലെ നിരക്കിൽ നിന്ന് 10 ശതമാനം വരെ വർധനവ് ആകാമെന്നാണ് ഗതാഗത വകുപ്പിന്‍റെ ശിപാർശ. മിനിമം ചാർജ് ഇപ്പോൾ 8 രൂപയാണ്. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററിൽ നിന്ന് രണ്ടരയായി കുറച്ചിരുന്നു. ഇതിലും മാറ്റമുണ്ടാകും.