തമിഴ്നാട്ടിൽ വാഹനപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി. രാത്രി 11 മണിയോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച മലപ്പുറത്തുനിന്നും ഏർവാടിയിലേക്ക് യാത്രതിരിച്ച സംഘത്തിന്റെ കാർ മധുരക്കടുത്ത് ദിൻഡിഗലിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തമിഴ്നാട് ദിൻഡിഗൽ വാടിപ്പട്ടിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ അടക്കം 4 മലയാളികൾ മരിച്ചത്. ഏർവാടിയിലേക്ക് യാത്ര പോയ ഇവരുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടമുണ്ടായത്.
മലപ്പുറം വളാഞ്ചേരി പേരശ്ശനൂർ വാളൂർകളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന എന്നിവരും കുറ്റിപ്പുറം മൂടാൽ സ്വദേശി ഹിളറുമാണ് മരിച്ചത്. ദിൻഡിഗൽ, മധുര സർക്കാർ ആശുപത്രികളിൽ ഇൻക്വസ്റ്റ് – പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി, മൃതദേഹങ്ങൾ വൈകുന്നേരത്തോടെ ബന്ധുക്കൾ ഏറ്റുവാങ്ങി.
രാത്രി 11 മണിയോടെ വീട്ടിലെത്തിച്ച ശേഷം അല്പസമയത്തെ പൊതുദർശനത്തിന് വെച്ചു. പിന്നീട് പേരശനൂർ ജുമാ മസ്ജിദിൽ ഖബറടക്കി. കുറ്റിപ്പുറം മൂടാൽ സ്വദേശി ഹിളറിന്റെ മൃതദേഹം നേരത്തെ മൂടാൽ കൊളക്കാട് ജുമാമസ്ജിദിൽ ഖബറടക്കിയിരുന്നു. മുഹമ്മദലിയുടെ മറ്റൊരു മകൾ സിസാന, കുറ്റിപ്പുറം സ്വദേശി സുബൈർ എന്നിവർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി ഏറെ വൈകിയും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമായി നിരവധി പേരാണ് എത്തിയിരുന്നത്.