കൊച്ചി മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സൈജു തങ്കച്ചന് ലഹരിമരുന്ന് ഇടപാടുണ്ടെന്ന് പൊലീസ്. സൈജു തങ്കച്ചൻ യുവതികൾ സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നു. ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായ നിരവധി വിവരങ്ങൾ സൈജു സമ്മതിച്ചത്.
ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പല തവണ ഇരുകാറുകളും പരസ്പരം ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു.