സ്വന്തം പുരയിടത്തിൽ നിന്നും മണ്ണ് കടത്തുന്നത് തടഞ്ഞ യുവാവിനെ മണ്ണ് മാഫിയ ജെ.സി.ബി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം കാഞ്ഞിരംവിള വീട്ടിൽ സംഗീത് ആണ് മരിച്ചത്. ജെ.സി.ബി ഓപറേറ്റര്‍ വിജീഷിനെ പൊലീസ് പിടികൂടി. സംഭവത്തില്‍ കൃത്യത്തിനുപയോഗിച്ച ജെ.സി.ബി പൊലീസ് പിടിച്ചെടുത്തു. കാട്ടാക്കടയില്‍ നിന്നാണ് ജെ.സി.ബി പിടിച്ചെടുത്തത്. കേസിലെ മുഖ്യപ്രതികള്‍ ഉള്‍പ്പടെ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീതിന്റെ പുരയിടത്തിൽ നിന്ന് മണ്ണ് മാഫിയകൾ മണ്ണ് കടത്താൻ ശ്രമിക്കുകയായിരുന്നുനു. നേരത്തെ വനംവകുപ്പ് മണ്ണെടുത്തിരുന്നതിനാൽ അവരായിരിക്കും എന്നാണ് വീട്ടുകാർ ആദ്യം ധരിച്ചത്.
സംഗീതിന്റ ഭാര്യ സംഗീത ഫോണിൽ വിളിച്ചറിയിച്ചതിന്റ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ചെമ്പകോട് സ്വദേശി ഉത്തമന്റേതാണ് ജെ.സി.ബി. ഉത്തമൻ, സുഹൃത്ത് സാജു, ജെ.സി.ബി ഡ്രൈവർ വിജീഷ് എന്നിവർ ഉൾപ്പെടെ 6 പേരെ പ്രതികളാക്കി കാട്ടാക്കട പൊലീസ് കേസെടുത്തു. കീഴടങ്ങിയ ജെ.സി.ബി ഡ്രൈവർ മാറനല്ലൂർ സ്വദേശി വിജീഷ് പൊലീസ് കസ്റ്റഡിയിലാണ്. മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.