Kerala

കൂട്ടിക്കലിൽ നിന്ന് മൃതദേഹാവശിഷ്ടം ലഭിച്ചു; കാണാതായ അലന്റേതെന്ന് സംശയം

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായ അലൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. വൈകിട്ട് ആറോടെ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 11 ആയി. കാവാലിയിൽ 6 പേരും പ്ലാപ്പള്ളിയിൽ അഞ്ച് പേരുമാണ് മരിച്ചത്.

ലഭിച്ച മൃതദേഹം അലൻ്റെ മാതൃസഹോദരനാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയടക്കമുള്ള നടപടി ക്രമങ്ങൾ ഇനി ബാക്കിയുണ്ട്. ഇന്നലെ നടന്ന തെരച്ചിലിൽ മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ഇത് അലൻ്റേതാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇത് അലൻ്റെ പ്രായമുള്ള ആളല്ല ഇതെന്ന് സംശയം പ്രകടിപ്പിച്ചു. പിന്നീട് ഇത് ബന്ധുക്കളും ശരിവച്ചു. ലഭിച്ച മൃതദേഹം 35 വയസ്സിനു മുകളിലുള്ള ആളുടേതാണെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

അതേസമയം, പമ്പ ഡാം നാളെ തുറക്കും. രാവിലെ അഞ്ച് മണിയോയാവും ഡാം തുറക്കുക. 25 ഘന അടി മുതൽ പരമാവധി 50 ഘന അടി വരെ വെള്ളം പുറത്തേക്കൊഴുക്കും. രണ്ട് ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തും. കക്കി- ആനത്തോട് ഡാമിനെ അപേക്ഷിച്ച് പുറത്തേക്ക് ഒഴുക്കിവിടുന്ന ഈ വെള്ളത്തിൻ്റെ അളവ് വളരെ കുറവാണ്.

കക്കി-ആനത്തോട് ഡാം തുറന്നുവിട്ടപ്പോൾ പമ്പയിലെ ജലനിരപ്പ് 10-15 സെൻ്റിമീറ്റർ മാത്രമാണ് ഉയർന്നത്. പമ്പ ഡാമിലെ വെള്ളമെത്തുമ്പോൾ ജലനിരപ്പ് 20-25 സെൻ്റിമീറ്റർ വരെ ഉയരാനാണ് സാധ്യത.

നീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാച്ചിട്ടുണ്ട്. രണ്ട് ഷട്ടറുകൾ 50 സെ മീ വീതം ഉയർത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും. ഇന്ന് വൈകിട്ട് ആറുമണിയോടെ ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചേക്കും. ഇടുക്കി അണക്കെട്ടിനു സമീപ വാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ട എന്നും പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻകാല അനുഭവം കണക്കിലെടുത്താണ് നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു . ഷട്ടറുകൾ 3 സെ മി ഉയർത്തി 100 ക്യുമിക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. സെക്കൻഡിൽ ഒരു ലക്ഷം വെള്ളം പുറത്തേക്ക് ഒഴുക്കും. ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോഴത്തെ നിലയിൽ രാവിലെ 7 മണിക്ക് ജലനിരപ്പ് അപ്പർ റൂൾ കർവിലെത്തും. വേണ്ടത്ര മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. ഇടുക്കിയിൽനിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിർദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.