കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി. വടവാതൂര്‍ സ്വദേശി അശ്വിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
പുലര്‍ച്ചെ മുതല്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവില്‍ 9 മണിയോടെയാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. വടവാതൂര്‍ സ്വദേശി അശ്വിന്‍ പ്രദീപിന്റെയാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അശ്വിന്റെയും മൃതദേഹം കണ്ടെത്തിയത്.
ആറ്റില്‍ ഒഴുക്കുണ്ടായിരുന്നെങ്കിലും അപകടം നടന്നത് തീരത്തോട് ചേര്‍ന്നായിരുന്നു. ആയതിനാല്‍ മൃതദേഹങ്ങള്‍ മറ്റിടങ്ങളിലേക്ക് ഒഴുകി പോയിരുന്നില്ല. ഇന്നലെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കലോത്സവം കാണാന്‍ കോട്ടയത്ത് വന്ന പുതുപ്പള്ളി ഐഎച്ച്ആര്‍ഡിയിലെ 8 അംഗ വിദ്യാര്‍ത്ഥി സംഘത്തിലെ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ തന്നെ മീനടം സ്വദേശിയായ ഷിബിന്റെയും ചിങ്ങവനം സ്വദേശിയായ അലന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.