കൊല്ലം പുത്തൂരില്‍ കോടതി വിലക്ക് മൂലം ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ കുടുംബം. ജലസ്രോതസ് മലിനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബിജെപി നേതാക്കള്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചതോടെയാണ് തുരുത്തിക്കര മാര്‍ത്തോമ പള്ളി ഇടവകക്കാര്‍ പ്രതിസന്ധിയിലായത്.
നെടിയവിള തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹമാണ് സംസ്‌കരിക്കാനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. തുരുത്തിക്കര ജെറുസലേം മാര്‍ത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിന് കുടുംബം തയാറെടുക്കുമ്പോഴാണ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതുടര്‍ന്ന് അന്നമ്മയുടെ മൃതദേഹം ശാസ്താംകോട്ട മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്തെ കിണറുകള്‍ മലിനമാകുന്നു എന്നാരോപിച്ച് ബിജെപി നേതാക്കളും പ്രദേശവാസികളും കോടതിയെ സമീപിച്ചിരുന്നു. ഈ കാരണത്താല്‍ ഇടവക സെമിത്തേരിയില്‍ കഴിഞ്ഞ 4 വര്‍ഷമായി സംസ്‌കാരം നടത്താന്‍ അനുവദിക്കാറില്ല. ജെറുസലേം മാര്‍ത്തോമാ ഇടവകാംഗങ്ങള്‍ ആരെങ്കിലും മരണപ്പെട്ടാല്‍ മര്‍ത്തോമ സഭയുടെ മറ്റൊരു സെമിത്തേരിയിലാണ് അടക്കിയിരുന്നത്. ഇപ്പോള്‍ ഇവിടെയും സംസ്‌കരിക്കാന്‍ അനുവദിക്കാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് അന്നമ്മയുടെ കുടുംബം. മൃതദേഹം സംസ്‌കരിക്കുന്നതിന് അനുമതി തേടി അന്നമ്മയുടെ കടുംബം ജില്ലാ കലക്ടറെ സമിപിച്ചിട്ടുണ്ട്.