India Kerala

സംസ്ഥാന സര്‍ക്കാരിനെതിരെ രാപ്പകല്‍ സമരത്തിന് തുടക്കമിട്ട് യു.ഡി.എഫ്

സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങി. ഇന്ന് രാവിലെ തുടങ്ങിയ സമരം നാളെ രാവിലെ 10 വരെ തുടരും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച സമരം കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ വീഴ്ചകള്‍, പി.എസ്.സി ക്രമക്കേട്, സര്‍ക്കാര്‍ ധൂര്‍ത്ത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം. തലസ്ഥാനത്ത് സെക്രട്ടേറിയേറ്റ് നടയിലും മറ്റ് ജില്ലകളിൽ കളക്ട്രേറ്റുകൾക്ക് മുന്നിലുമാണ് സമരം നടത്തുന്നത്. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പ്രളയത്തിന്‍റെ പണം പോലും സർക്കാർ ദുരിതബാധിതർക്ക് നൽകിയില്ല. എറണാകുളത്ത് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. മലപ്പുറത്ത് നടന്ന സമരം മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാന്‍ എം.പിയും, കണ്ണൂരിൽ കെ. മുരളീധരനും കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനും സമരം ഉദ്ഘാടനം ചെയ്തു.