പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ദളിത് വിഭാഗക്കാര്‍ ഇപ്പോഴും അവഗണനയില്‍. ചക്ലിയ സമുദായക്കാരെ അയിത്തം പാലിച്ച് മാറ്റി നിര്‍ത്തിയത് വാര്‍ത്തയായതോടെയാണ് കോളനിയിലെ ദുരിതം പുറംലോകമറിഞ്ഞത്. വാര്‍ത്ത പുറത്തുവന്ന സമയത്ത് ജനപ്രതിനിധികള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ നടപ്പായില്ല. പ്രശ്നപരിഹാരം ആവശ്യപ്പെട്ട്അംബേദ്കര്‍ കോളനി നിവാസികള്‍ ഇന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളയല്‍ സമരം നടത്തും.
ചക്ലിയ സമുദായക്കാര്‍ക്കു നേരെ അയിത്തം പാലിച്ച് ഇവര്‍ക്ക് പ്രത്യേക കുടിവെള്ള പൈപ്പും പ്രത്യേക ഗ്ലാസും ഏര്‍പ്പെടുത്തിയിരുന്ന രീതി പുറം ലോകം അറിഞ്ഞതോടെ സംസ്ഥാന ദേശീയ നേതാക്കൾ ഗോവിന്ദാപുരത്തേക്ക് ഒഴുകിയെത്തിയിരുന്നു. ഇതോടെ ഇവരുടെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുകയും പല പ്രഖ്യാപനങ്ങളും ഉണ്ടാവുകയും ചെയ്തു. പക്ഷേ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. 15 ദിവസത്തിനകം സൗജന്യമായി കുടിവെള്ളമെത്തിക്കുമെന്ന് പി.കെ ബിജു എം.പി വാഗ്ദാനം നൽകിയിരുന്നു. ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയ ചക്ലിയ സമുദായ അംഗങ്ങളെ ഒഴിവാക്കി മറ്റുള്ളവർക്ക് കുടിവെള്ള കണക്ഷൻ നൽകിയെന്ന് ഇവര്‍ പറയുന്നു.
ചക്ലിയ സമുദായ അംഗങ്ങള്‍ക്ക് നേരെയുള്ള വിവേചനം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. സംഭവം പുറത്തു വന്നതിനു ശേഷം കോണ്‍ഗ്രസും ബി.ജെ.പിയും ഓരോ വീടുകൾ നിർമിച്ച് നൽകിയതാണ് ഇവിടെ കാര്യമായി കാണാന്‍ കഴിയുന്ന വ്യത്യാസം.