India Kerala

‘താഴ്ന്ന ജാതിക്കാർക്ക് കുളിക്കാനുള്ളതല്ല ക്ഷേത്രക്കുളം’; കുളത്തിൽ കുളിക്കാൻ പോയ ദലിത് ബാലന് ക്രൂര മർദ്ദനം

എഴുപുന്ന ശ്രീ നാരായണ ക്ഷേത്ര കുളത്തിന് സമീപം മാർച്ച് ആറിന് രാവിലെയാണ് സംഭവം നടന്നത്
ക്ഷേത്ര കുളത്തിൽ കുളിക്കാൻ പോയ ദലിത് ബാലന് മുൻ റയിൽവെ പോലീസ് ഉദ്യോഗസ്ഥന്‍റെ ക്രൂര മർദ്ദനമേറ്റതായി പരാതി. ആലപ്പുഴ എഴുപുന്നയിലാണ് സംഭവം. താഴ്ന്ന ജാതിക്കാർക്ക് കുളിക്കാനുള്ളതല്ല ക്ഷേത്രക്കുളം എന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.

എഴുപുന്ന ശ്രീ നാരായണ ക്ഷേത്ര കുളത്തിന് സമീപം മാർച്ച് ആറിന് രാവിലെയാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥിയും കാഴ്ച വൈകല്യവുമുള്ള വിഷ്ണു പ്രണവും സുഹൃത്തും കുളിക്കാൻ ക്ഷേത്ര കുളത്തിലേക്ക് ഇറങ്ങവെ, സമീപവാസിയായ ഗോപി വന്ന് തടയുകയും മർദിക്കുകയും ചെയ്തതായാണ് പരാതി. മൂന്ന് ദിവസം തുറവൂർ താലൂക്ക് ആശുത്രിയിലായിരുന്ന വിഷ്ണുവിനെ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നതിനു വേണ്ടിയാണ് ഡിസ്ചാർജ് നൽകിയത്. വയറ്റിൽ ചവിട്ടേറ്റതിന്റെ വേദന മാറിയിട്ടില്ലെന്നും തുടർ ചികത്സ വേണ്ടി വരുമെന്നും അച്ഛൻ സുരേഷ് പറഞ്ഞു. പ്രതിയായ ഗോപിക്കെതിരെ അരൂർ പോലീസ് പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഗോപിക്ക് ക്ഷേത്ര കമ്മിറ്റിയുമായോ ക്ഷേത്രവുമായോ യാതൊരു ബന്ധവുമില്ലെന്നും പോലീസ് പറഞ്ഞു.