Kerala

‘പരിശോധനയോ അന്വേഷണമോ ഇല്ല’; പൊലീസ് അക്കാദമിയില്‍ ദിവസ വേതനക്കാരുടെ നിയമനം മാനദണ്ഡങ്ങളില്ലാതെ

തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ ദിവസ വേതനക്കാരുടെ നിയമനം മാനദണ്ഡങ്ങളില്ലാതെ. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നേടിയവരില്‍ പെന്‍ഷന്‍ പ്രായം പിന്നിട്ടവരും ഉണ്ടെന്നാണ് വിവരാവകാശ രേഖ. 59 ദിവസത്തിന് ശേഷം പുതിയ ആളുകളെ നിയോഗിക്കണമെന്ന ചട്ടത്തിലാണ് അട്ടിമറി നടത്തിയത്.(daily wages appointements in kerala police academy)

കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്ക് നിലവിലുള്ളവരുടെ സ്ഥിരപ്പെടുത്താൽ തുടരുന്നു. സ്വീപ്പർ, കുക്ക്, ബാർബർ തുടങ്ങിയ തസ്‌തികകളിൽ 18,225 രൂപ പ്രതിമാസ ശമ്പളത്തിലാണ് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. 2006ലെ സർക്കാർ ഉത്തരവ് പ്രകാരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി 59 ദിവസത്തേക്കാണ് നിയമനം നൽകുന്നത്.

ഇക്കാര്യത്തിൽ ഡിജിപിയുടെ സർക്കുലർ നിലവിലുണ്ട്. എന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ നിലവിൽ തൊഴിലെടുക്കുന്നവരെ സാങ്കേതികപരമായി പിരിച്ചുവിട്ട് അടുത്ത ദിവസം തന്നെ വീണ്ടും നിയമനം നൽകുന്ന വിചിത്ര രീതിയാണ് തൃശൂർ പൊലീസ് അക്കാദമിയിലേത്. ബിപിഎൽകാരെ പരിഗണക്കണമെന്ന വ്യവസ്ഥയും അട്ടിമറിക്കുന്നു. ഇത്തരം നിയമനത്തിൽ പരിശോധനയോ അന്വേഷണമോ നടത്താതെ ആഭ്യന്തര വകുപ്പ് മൗനം പാലിക്കുന്നു.