ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മുപ്പതാം തീയതിയോടെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ജാഗ്രതാ നിര്‍ദേശം. ഇത് അടുത്ത മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ഈ മാസം മുപ്പതിന് ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് നാശം വിതക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയുണ്ടാകും. ഈ മാസം 29 മുതലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു.