India Kerala

ഫാനി ചുഴലിക്കാറ്റ്, അതീവ ജാഗ്രതയില്‍ കേരളതീരം

ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപമെടുത്ത ന്യൂനമര്‍ദം മഴയ്ക്കും കടല്‍ക്ഷോഭത്തിനും വഴിയൊരുക്കുമെന്ന അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയിലാണ് കേരളത്തിലെ തീരപ്രദേശത്തുളളവര്‍. ഓഖി ചുഴലിക്കാറ്റ് ഏറെ നാശം വിതച്ച ചില തീരങ്ങളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

തിരുവനന്തപുരം വലിയതുറയില്‍ നിന്ന് 19 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ബുധനാഴ്ച മുതല്‍ തന്നെ പലയിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകളും ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവരില്‍ പലരും തിരിച്ചെത്തി തുടങ്ങി. കൊല്ലം ഇരവിപുരത്ത് മാത്രം 1500ഓളം ബോട്ടുകള്‍ തിരിച്ചെത്തി. ബാക്കിയുളള ബോട്ടുകള്‍ക്കും തിരികെ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ പല തീരപ്രദേശങ്ങളിലും ശക്തമായ കടല്‍ ഭിത്തിയില്ലാത്തതിനാല്‍ ഏത് നിമിഷവും കടല്‍വെളളം വീടുകളിലേക്ക് ഇരച്ചെത്തുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

മഴക്കാല ഭീഷണിയില്‍ നിന്ന് തീരദേശത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ചെല്ലാനം നിവാസികള്‍ പ്രതിഷേധത്തിലാണ്.