Kerala

‘കളക്ടര്‍ വന്‍കിടക്കാരെ സംരക്ഷിക്കുന്നു, സര്‍ക്കാര്‍ വിരുദ്ധവികാരമുണ്ടാക്കാന്‍ ശ്രമം’; കയ്യേറ്റമൊഴിപ്പിക്കലില്‍ വിമര്‍ശനവുമായി സി വി വര്‍ഗീസ്

ഇടുക്കി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുടെ പേരില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുണ്ടാക്കാന്‍ കളക്ടര്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കുന്നു. ചെറിയ സ്ഥലങ്ങളില്‍ ഉപജീവനമാര്‍ഗമായി കൃഷി ചെയ്യുന്നവരെയാണ് ഒഴിപ്പിച്ചത്. 300 ഏക്കര്‍ കയ്യേറിയവര്‍ക്കെതിരെ ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടെന്നും സി വി വര്‍ഗീസ് ചോദിച്ചു. ചെറുകിടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (CV Varghese criticized land encroachment actions Idukki)

വന്‍കിട കയ്യേറ്റക്കാരാരെന്ന് തങ്ങള്‍ക്കറിയാമെന്നും അവരെ സംരക്ഷിക്കാനാണ് കളക്ടര്‍ ശ്രമിക്കുന്നതെന്നും സി വി വര്‍ഗീസ് പറയുന്നു. 28 വന്‍കിട കയ്യേറ്റങ്ങളുണ്ട്. സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം തന്നെ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. നാലാം കയ്യേറ്റം ഒഴിപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നാര്‍ കാറ്ററിംഗ് കോളജിന് വേണ്ടി ടിസന്‍ ജെ തച്ചങ്കരി സ്ഥലം കയ്യേറി കെട്ടിടം നിര്‍മിച്ചതാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. ഒഴിപ്പിച്ച ആദ്യ മൂന്ന് കയ്യേറ്റങ്ങളും സാധാരണക്കാരുടേതായതില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇടുക്കി സബ് കളക്ടര്‍ ഉള്‍പ്പെട്ട സംഘമാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.