റിമാന്‍ഡിലായിരുന്ന രാജ്കുമാര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
രാജ്കുമാറിന് പൊലീസ് കസ്റ്റഡിയില്‍ കടുത്ത മര്‍ദനമേറ്റതായി പൊസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുള്ള സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ ഡി.ജി.പി ഉത്തരവിട്ടത്. സംഭവത്തെ ഗൌരവത്തോടെയാണ് കാണുന്നതെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പറഞ്ഞു. ഇത്തര വീഴ്ചകള്‍ അംഗീകരിക്കാന്‍ കഴിയില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ ആരോഗ്യനില വഷളായ രാജ്കുമാറിനെ അധികൃതർ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും മണിക്കൂറുകൾക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നുമുള്ള ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജയില്‍ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്. നാലു ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കാനാണ് ജയില്‍ ഡി.ഐ.ജി സാം തങ്കയ്യന് നല്‍കിയ നിര്‍ദ്ദേശം.