Kerala

കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും

സ്വർണക്കടത്ത് കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്തയാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താനാണ് നോട്ടീസ്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് .ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദേശ പ്രകാരം താന് ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ ലഭിച്ചു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷൺ പ്രോ​ട്ടോകോൾ ഓഫീസർ രാജീവൻ, പത്​മനാഭ ശർമ, ജിത്തു, പ്രവീൺ എന്നിവരാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു. എന്നാല്‍ ഇതില്‍ 1.13 രൂപ വില വരുന്ന ഫോണ്‍ ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് ഇപ്പോള്‍ പറയുന്നത്. സ്വർണക്കടത്ത് വിവാദമായതോടെ ഫോൺ ഉപയോഗം നിർത്തി. ഐഎംഇഐ നമ്പർ ഉപയോഗിച്ച് സിം കാർഡ് കണ്ടെത്തിയെന്നും ഫോണിൽ നിന്ന് യൂണിടാക് കമ്പനി ഉടമയെ വിളിച്ചിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ച കൊച്ചിയില്‍ വെച്ച് വിനോദിനിയെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.

വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്ന് സന്തോഷ് ഈപ്പന്‍

വിനോദിനിക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ പ്രതികരിച്ചു. ഐ ഫോണ്‍ സ്വപ്ന സുരേഷിനാണ് നൽകിയത്. സ്വപ്ന ആർക്കെങ്കിലും ഫോണ്‍ നൽകിയോയെന്ന് അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.