Kerala

മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തു.അറസ്റ്റിന് സാധ്യത

സിവിൽസർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി

മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.

2000ലാണ് ശിവശങ്കറിന് സ്ഥാനക്കയറ്റത്തിലൂടെ ഐ.എ.എസ് ലഭിക്കുന്നത്. ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കവെയാണ് സ്വര്‍ണകടത്തില്‍ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ശക്തമായ ആരോപണം ഉയരുന്നത്.

10 മണിക്കൂർ നീണ്ടുനിന്ന ആദ്യഘട്ട ചോദ്യംചെയ്യലിൽ ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാനാവില്ലെന്നാണ് കസ്റ്റംസ് വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹെയ്തർ ഫ്ലാറ്റിലും ഹിൽട്ടൺ ഹോട്ടലിലും നടത്തിയ റെയ്ഡിൽ ശിവശങ്കറിനെതിരെ നിർണ്ണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നതത്.

സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കർ ചെയർമാനായിരുന്ന കേരള ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ നിന്ന് എൻ ഐഎ യും റെയ്ഡിലൂടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കള്ളക്കടത്ത് നടന്ന ദിവസങ്ങളിൽ പ്രതികളുടെ മൊബൈൽ ടവർ ലോക്കേഷൻ ഉൾപ്പടെ പുറത്തു വന്ന സാഹചര്യത്തിൽ ഹെയ്തർ ഫ്ലാറ്റ് കേന്ദ്രീകരിച്ചു തന്നെയാണ് തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിന്‍റെ ഗൂഢാലോചന നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അരുൺ ബാലചന്ദ്രൻ വഴി പ്രതികൾക്ക് റൂം വാടകയ്ക്ക് എടുത്ത് നൽകിയ എം. ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിയ്ക്കുന്നത്. ഈ കേസിൽ അറസ്റ്റിലായ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാകും ഇനിയുള്ള ചോദ്യം ചെയ്യൽ.

അതേസമയം കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ യും എം. ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും. അന്വേഷണത്തിന്‍റെ ഭാഗമായുള്ള എൻഐഎ, കസ്റ്റംസ് റെയ്ഡുകൾ ഇന്നും തുടരും. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളാണ് ഇപ്പോൾ അന്വേഷണ ഏജൻസികൾ ശേഖരിയ്ക്കുന്നത്. സർവീസിൽ നിന്ന് സസ്‍പെന്‍ഡ് ചെയ്യപ്പെട്ടതിനാൽ ശിവശങ്കറിന്റെ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളില്ലയ്ക്ക് നീങ്ങാൻ എൻഐഎയ്ക്കും കസ്റ്റംസിനും പ്രോട്ടോക്കോൾ പ്രശ്നവും ഇനി ഉണ്ടാവില്ല.