സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് പോലീസോ ജയില്‍ ഉദ്യോഗസ്ഥരോ ആകാമെന്ന് കസ്റ്റംസ് വിലയിരുത്തല്‍. ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഈ ഭീഷണിയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വപ്‍നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും. സ്വപ്നയുടെ ആരോപണങ്ങൾ ഗുരുതരമെന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ചൂണ്ടിക്കാട്ടി.
കോടതിയില്‍ നല്‍കിയ പരാതിയിലാണ് സ്വപ്ന ഭീഷണിയുടെ കഥകള്‍ വിവരിച്ചത്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഭീഷണിയുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്. ഇത് ശരിയാണെന്ന വിലയിരുത്തലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ഉള്ളത്. സ്വപ്നയില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ്ഈ നിഗമനത്തിലേക്ക് കസ്റ്റംസ് എത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്ന കാര്യം ചൂണ്ടിക്കാട്ടി കോഫേപോസ അതോറിറ്റിക്കും സ്വപ്ന പരാതി നല്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ റിബിന്‍സിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. വിദേശത്ത് നിന്നും സ്വര്‍ണ്ണം അയച്ചതിലടക്കം റിബിന്‍സിന്റെ പങ്ക് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലിന് ശേഷം റിബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നേരത്തെ എന്‍.ഐ.എ റിബിന്‍സിനെ അറസ്റ്റ് ചെയ്തിരുന്നു.