Kerala

സ്വപ്നയുടെ സന്ദർശകരുടെ പേരില്‍ ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ്

കോഫേപോസ പ്രതികളെ കാണാനെത്തുന്നവർക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥർ വേണ്ടെന്ന ജയിൽ ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നൽകി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെയുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് നീക്കം. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടൻ കോടതിയെയും സമീപിക്കും.

സ്വർണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെതിരെ കോഫേ പോസെ ചുമത്തിയതിന് പിന്നാലെയാണ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. പിന്നാലെ സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വരുകയും ജയില്‍ ഉദ്യോഗസ്ഥർ മൊഴി തിരുത്താന് നീക്കം നടത്തിയെന്നും കസ്റ്റംസ് ആരോപണം ഉന്നയിച്ചതോടെയാണ് ഡിജിപി പുതിയ ഉത്തരവ് ഇറക്കിയത്. ജയിലുകളില്‍ എത്തി കോഫേ പോസെ പ്രതികളെ കാണുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുമതി വേണ്ടെന്നായിരുന്നു ഉത്തരവ്. എന്നാല്‍ സ്വപ്നയുമായി ബന്ധപ്പെട്ടുള്ള കേസിനെ തുടർന്നാണെന്നാണ് കസ്റ്റംസ് പറയുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കമായിട്ടാണ് കസ്റ്റംസ് നോക്കി കാണുന്നത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് ഇപ്പോള്‍ കസ്റ്റംസ് കോഫേപോസെ സമിതിക്ക് പരാതി നല്കിയിരിക്കുന്നത്.

ജയില്‍ ഡിജിപിയുടെ ഉത്തരവ് കേസ് അന്വേഷണത്തെ തന്നെ ബാധിക്കുമെന്നും കേസിന്റെ ഗൌരവം കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കസ്റ്റംസിന്‍റെ പരാതിയില്‍ പറയുന്നത്. ജയില്‍ വകുപ്പിനെതിരെയും പരാതിയില്‍ ആരോപണം ഉണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് ഉടന്‍ കോടതിയെയും കസ്റ്റംസ് സമീപിക്കും. സ്വപ്നയുടെ സന്ദർശകരുടെ പേരില്‍ രണ്ട് തട്ടിലായ ജയില് വകുപ്പും കസ്റ്റംസും പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ഈ പരാതിയിലൂടെ.