തിരുവനന്തപുരം സ്വര്‍ണക്കടത്തിന്‍റെ മുഖ്യകണ്ണിയാണ് കൊടുവള്ളിയിലെ ഇടത് മുന്നണി കൌണ്‍സിലര്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം വില്‍ക്കാന്‍ ഫൈസല്‍ സഹായിച്ചിട്ടുണ്ട്. കെ ടി റമീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി ഫൈസലിന് എതിരാണെന്നും കസ്റ്റംസ്.
ഇന്ന് രാവിലെയാണ് കൊടുവള്ളിയിലെ വീട്ടിലെ റെയ്ഡിന് ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്‍റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം.
നേരത്തെയും കസ്റ്റംസ് കോഴിക്കോടും കൊടുവള്ളിയിലും പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണം എവിടെയെല്ലാം എത്തിയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്.