Kerala

ആനവേട്ടക്കേസിലെ കസ്റ്റഡി മര്‍ദ്ദനം: കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച് കള്ളക്കളി

ഇടമലയാര്‍ ആനവേട്ടക്കേസിലെ കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം അട്ടിമറിച്ച് ക്രൈംബ്രാഞ്ച്. ഐഎഫ്എസ് ഉദ്യോഗസ്ഥരായ ദമ്പതിമാരടക്കം 12 പ്രതികളുള്ള കേസില്‍ 5 വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല. മുഖ്യപ്രതിയായ മുന്‍ ഡിഎഫ്ഒ ടി. ഉമ തുടര്‍ച്ചയായി തിരിച്ചറിയില്‍ പരേഡിന് ഹാജരാകാതിരുന്നിട്ടും തുടര്‍നടപടിയെടുക്കാത്തതും അട്ടിമറി സംശയം ബലപ്പെടുത്തുന്നു.

2015ല്‍ ആനവേട്ടയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാം മുറ പ്രയോഗിച്ച കേസിലാണ് നാളിത് വരെയും ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ കള്ളക്കളി തുടരുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥരും ദമ്പതികളുമായ തിരുവനന്തപുരം മുന്‍ ഡിഎഫ്ഒ ടി ഉമ, ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്ന ആര്‍ കമാലാഹാര്‍ ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍.

അന്വേഷണത്തിലെ മെല്ലെപോക്കിനെതിരെ പരാതിക്കാരനായ അജി ബ്രൈറ്റ് കോടതിയെ സമീപിച്ചതോടെ കേസില്‍ തിരിച്ചറിയല്‍ പരേഡിന് വഴിയൊരുങ്ങിയിരുന്നു. പരേഡില്‍ 5 വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞെങ്കിലും നാളിതുവരെയായിട്ടും മുഖ്യപ്രതി ടി. ഉമ കോടതിയില്‍ ഹാജരായിട്ടില്ല. പ്രതികള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ഇടക്കാലത്ത് അന്വേഷണത്തില്‍ നിന്ന് മാറ്റിയിരുന്നു.

പ്രതി ഉമ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്‍റെ അടുത്ത ബന്ധുവാണ്. അന്തിമ റിപ്പോര്‍ട്ട് വൈകിക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ ഉന്നത സ്വാധീനമെന്ന സംശയം ഇതോടെ കൂടുതല്‍ ബലപ്പെട്ടു. 2016ല്‍ കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് പ്രതികളായ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ചിന്‍റെയും കള്ളക്കളി തുടരുന്നത്.