കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തിൽ. കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്.
‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നാണ് ഫേസ് ബുക്ക് പോസ്റ്റ്. അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്ഐ പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അധ്യാപകൻ മാപ്പ് പറയണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
ഇതിനിടെ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് പൊലീസിന്റെ ഈ ആവശ്യം. പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധങ്ങൾ ഉൾപ്പെടെ എല്ലാം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തും. അതിനായിട്ടാണ് പൊലീസ് കസ്റ്റഡി അപേക്ഷ കൊടുത്തിട്ടുള്ളത്. ഇന്ന് അപേക്ഷ പരിഗണിക്കും.
ഇവർ തമ്മിൽ എത്ര വർഷത്തെ പരിചയമുണ്ടായിരുന്നു, എപ്പോൾ മുതലാണ് ശ്യാംജിത്തിന്റെ മനസ്സിൽ പക തോന്നിത്തുടങ്ങിയത്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും. ഒപ്പം മറ്റ് ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിക്കും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. അയാളെ ഇവിടെക്ക് എത്തിക്കാനുള്ള നടപടികളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം അയൽവാസികളെയും സാക്ഷിയാക്കാനാണ് ആലോചന. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി, കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്ന രീതിയിലേക്ക് എത്താനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്.