Kerala

മതസൗഹാര്‍ദം തകര്‍ക്കരുത്; പാലാ ബിഷപ്പിനെ തള്ളി സിഎസ്‌ഐ സഭ

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിഎസ്‌ഐ സഭ. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താവന ഉണ്ടായതായി സിഎസ്‌ഐ സഭ ചൂണ്ടിക്കാട്ടുന്നു.

കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്താനും സിഎസ്‌ഐ സഭ തീരുമാനിച്ചു.

മതസൗഹാര്‍ദത്തിന്റെ ആവശ്യകത ഉള്‍പ്പെടെ വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനമെന്ന് സിഎസ്‌ഐ സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലായിരിക്കും വാര്‍ത്താസമ്മേളനം. ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സിഎസ്‌ഐ സഭ രംഗത്തെത്തിയിരിക്കുന്നത്. പരാമര്‍ശത്തില്‍ ബിഷപ്പിനെ തള്ളിയും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.