കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതിന് കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍. കെവിനെ കൊലപ്പെടുത്താമെന്ന് ഒന്നാം പ്രതി ഷാനു, പിതാവ് ചാക്കോയ്ക്ക് കൈമാറിയ വാട്സ് ആപ്പ് സന്ദേശം കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസിന്റെ ആദ്യഘട്ട വിസ്താരം പൂര്‍ത്തിയായി.
പ്രധാന പ്രതികളായ ഷാനുവിന്റെയും ചാക്കോയുടേയും അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ ഉണ്ടായിരുന്ന മഹസര്‍ സാക്ഷിയുടെ വിസ്താരത്തിനിടെയാണ് കേസിലെ നിര്‍ണായക തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. കൊലപാതകം നടത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. ഷാനു കെവിന്റെ ഫോട്ടോ ചാക്കോയ്ക്ക് അയച്ച് കൊടുത്തതിനൊപ്പം കെവിനെ കൊല്ലാമെന്നും താന്‍ അതിന് തയ്യാറാണെന്നും ചാറ്റ് ചെയ്തിട്ടുണ്ട്.
മറ്റൊരു സാക്ഷിയായ ലിജോ അയച്ച് നല്‍കിയ ചിത്രങ്ങളാണ് ഷാനു ചാക്കോയ്ക്ക് കൈമാറിയത്. ലിജോയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിലും ഷാനു കെവിനെ കൊല്ലുമെന്നുള്ള തരത്തില്‍ പറഞ്ഞിരുന്നു. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ വാദത്തെ ശരിവെക്കുന്നത് കൂടിയാണ് ഈ തെളിവുകള്‍.
മഹസര്‍ സാക്ഷിയെ കൂടാതെ നാല് പ്രതികള്‍ ഒളിവില്‍ താമസിച്ച ഹോം സ്റ്റേയിലെ ജീവനക്കാരനെയും ഇന്ന് വിസ്തരിച്ചു. ഇതോടെ കേസിലെ ആദ്യ ഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയായി. രണ്ടാം ഘട്ടം 10 ദിവസത്തെ അവധിക്ക് ശേഷം 13ന് ആരംഭിക്കും.