Kerala

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടം ഒഴിവാക്കാൻ നടപടി

വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടും കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിച്ച് അധികൃതർ. ജനക്കൂട്ടും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി.

വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താനും വാക്സിൻ കേന്ദ്രത്തിൽ ക്രമ സമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാനുമാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.

ഇതിനിടെ സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസമായി അഞ്ച് ലക്ഷം കൊവിഷീൽഡ് വാക്സിൻ എറണാകുളത്തെത്തി. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മേഖലകൾക്കായി ഇത് വിതരണം ചെയ്യും.

തിരുവനന്തപുരത്തേക്കായി 25,000 ഡോസ് വാക്സിനും എത്തിയിട്ടുണ്ട്. നാളെ ജില്ലയിൽ തെരഞ്ഞെടുത്ത വാക്സിൻ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ഉണ്ടായിരിക്കും.

അതേസമയം സംസ്ഥാനത്ത് ഇപ്പോൾ ലഭിച്ച വാക്സിൻ രണ്ട് മൂന്ന് ദിവസങ്ങളിലേക്ക് മാത്രമേ ഉണ്ടാവുകയുള്ളു. അതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തിന് കൂടുതൽ വാക്സിനുകൾ ആവശ്യമുണ്ട്. വാക്സിൻ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമുള്ള വാക്സിൻ നല്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.