Kerala

ബിവറേജസിലെ ആള്‍ക്കൂട്ടം; കോടതിയലക്ഷ്യ കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലെ ക്യൂ സംബന്ധിച്ച കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ എക്‌സൈസ് കമ്മീഷണറോട് വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കമ്മീഷണര്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ നേരിട്ട് വിശദീകരണം നല്‍കണമെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിക്കുക.

അതേസമയം ബിവറേജസിന് മുന്നിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസില്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

കൊവിഡിന്റെ പേരില്‍ വിവാഹത്തിനും മരണത്തിനും 20 പേരെ മാത്രം സര്‍ക്കാര്‍ അനുവദിക്കുന്നു. ബിവറേജിന് മുന്നിലെ ആള്‍ക്കൂട്ടത്തിന് വിലക്കില്ലേയെന്ന് ഫോട്ടോകള്‍ ഉയര്‍ത്തി കോടതി ചോദിച്ചു. തുടര്‍ച്ചയായി അടച്ചിട്ട ശേഷം തുറന്നതിനാലാണ് തിരക്ക് അനുഭവപ്പെട്ടതെന്നായിരുന്നു സര്‍ക്കാര്‍ ന്യായീകരണം. വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിയമം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും, നിയമലംഘകര്‍ക്കെതിരെയും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നാണ് ആവശ്യം.