കെ.എസ്.ആര്‍.ടി.സിയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതില്‍. ഡിപ്പോകളും മറ്റും ആവശ്യപ്പെടാതെ മൂന്ന് കോടിയോളം രൂപയുടെ സ്പെയര്‍പാട്സുകളാണ് 2010 മുതല്‍ 13 വരെ വാങ്ങിക്കൂട്ടിയത്.കെഎസ്ആര്‍ടിസി വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി നല്‍കിയ റിപ്പോര്‍ട്ടും ഉന്നത ഇടപെടലിനെ തുടര്‍ന്ന് മുക്കി. കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്ന ക്രമക്കേടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബസുകള്‍ക്ക് വേണ്ടിയുള്ള സ്പെയര്‍പാര്‍ട്ട് വാങ്ങല്‍. അസിറ്റന്‍റ് വര്‍ക്ക് മാനേജരോ ഡിപ്പോ എഞ്ചിനിയര്‍ മാരോ രേഖാമൂലം ആവശ്യപ്പെടാതെയാണ് കോര്‍പ്പറേഷനില്‍ സ്പെയര്‍പാട്സുകള്‍ വാങ്ങിക്കൂട്ടുന്നത്. 2010 മുതല്‍ 13 വരെ വരെ മാത്രം
3,14,78000 രൂപയുടെ സ്പെയര്‍പാട്സുകളാണ് വാങ്ങിക്കൂട്ടിയത്. മൂന്ന് വര്‍ഷത്തോളം ഉപയോഗിക്കാതെ കിടന്ന് സ്പെയര്‍പാട്സുകള്‍ നശിച്ചപ്പോള്‍ ആക്രി വിലയ്ക്ക് വിറ്റു. 99 യൂണിറ്റുകളില്‍ മാത്രം നടത്തിയ പരിശോധിനയിലാണ് ഇത് കണ്ടെത്തിയത്. അതായത് മുഴുവന് യൂണിറ്റുകളിലും പരിശോധന നടത്തിയെങ്കില്‍ നഷ്ടപ്പെട്ട കോടികള്‍ രണ്ടക്കം കടന്നേനെ.
ചില കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് അന്വേഷണം നടത്തി.ഗുരുതരമായ ക്രമക്കേട് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അവിടേയും ഉന്നത ഇടപെടല്‍ ഉണ്ടായി. പുറത്തുള്ള ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ശുപാര്‍ശ നല്‍കിയിട്ടും അതും അട്ടിമറിച്ചതായി ക്രമക്കേട് കണ്ടെത്തിയ എസ്. വസുന്ധരന്‍പിള്ള പറഞ്ഞു. സ്പെയർ പാർട്സ് വാങ്ങിക്കൂട്ടുന്നത് ഇന്നും തുടരുന്നു. കിമ്പളം വാങ്ങി വീർത്ത പോക്കറ്റുകൾ അവിടെ തന്നെയുണ്ട്.