വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ ഈ മാസം 15 മുതല്‍ അറ്റകുറ്റപ്പണികളടക്കം നിര്‍ത്തി വെക്കുന്നു. സർക്കാരില്‍ നിന്ന് 850 കോടി രൂപ കരാറുകാര്‍ക്ക് കുടിശികയായതോടെയാണ് കരാറുകാർ സമരത്തേിലേക്ക് പോകുന്നത്. കരാറുകാരുടെ തീരുമാനം കുടിവെള്ള വിതരണത്തെയടക്കം ബാധിക്കും.
രണ്ടു വര്‍ഷത്തോളമുള്ള തുക കുടിശികയായതോടെയാണ് വാട്ടര്‍ അതോറിറ്റിയിലെ പണികള്‍ ഈ മാസം 15 മുതല്‍ നിര്‍ത്തി വെക്കാന്‍ കരാറുകാര്‍ തീരുമാനിച്ചത്. കുടിവെള്ള പദ്ധതികളുടെ പണികള്‍ക്കു പുറമേ അറ്റകുറ്റപ്പണികളും നിര്‍ത്തിവെക്കും.പൈപ്പു ലൈനുകളുടെ പ്രവര്‍ത്തിയും ഏറ്റെടുക്കില്ല. നഗരങ്ങളിലെയടക്കം കുടിവെള്ളവിതരണം ഇതു മൂലം തടസ്സപ്പെട്ടേക്കാം.
സ്റ്റേറ്റ് പ്ലാന്‍ വഴിയുള്ള പദ്ധതികളുടെ കുടിശികയാണ് കരാറുകാര്‍ക്ക് ഏറ്റവുമധികം ലഭിക്കാനുള്ളത്. 450 കോടി രൂപ. അറ്റകുറ്റപ്പണികളുടെ തുകയായി മുന്നൂറു കോടി രൂപയോളമാണ് കുടിശിക. എം.എല്‍.എ ആസ്തി വികസന ഫണ്ടിലെ പദ്ധതികള്‍ ഏറ്റെടുത്ത വകയില്‍ അമ്പത് കോടി രൂപയും കിട്ടാനുണ്ട്. വൈകാതെ കുടിശിക തുക വിതരണം ചെയ്യാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം.