Kerala

സ്പീക്കര്‍ക്ക് ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലായിരുന്നു: സിപിഐക്ക് അതൃപ്തി, സിപിഎമ്മിലും അസ്വാരസ്യം

സ്വന്തം പാർട്ടി നേതാവിനെ പരസ്യമായി തള്ളിപ്പറയാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഎം നേതൃത്വം.

സ്വർണക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കറുടെ നടപടി മുന്നണികൾക്കുള്ളിലും ചർച്ചയാവുന്നു. സ്പീക്കറുടെ നടപടിയിൽ സിപിഐക്ക് അതൃപ്തിയുണ്ട്. ശ്രീരാമകൃഷ്ണനെ പരസ്യമായി പിന്തുണയ്ക്കുമ്പോഴും സിപിഎമ്മിനുള്ളിലും അസ്വാരസ്യമുണ്ട്.

സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപിന്‍റെ കട ഉദ്ഘാടനം ചെയ്തതിൽ ജാഗ്രതക്കുറവുണ്ടായെന്ന് സ്പീക്കർ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്നാൽ സ്പീക്കർ പദവിയിലിരിക്കുമ്പോൾ ഇത്തരത്തിലുള്ള ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലെന്നാണ് സിപിഐ നിലപാട്. ചെറിയ ഒരു കടയുടെ ഉദ്ഘാടനത്തിന് സഭാ സമ്മേളനം കഴിഞ്ഞയുടൻ തിടുക്കപ്പെട്ട് പോകേണ്ടിയിരുന്നില്ലെന്ന അഭിപ്രായം അവർക്കുണ്ട്. സ്ഥലം എംഎൽഎ പോലും എത്തുമോയെന്ന് തിരക്കാതെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പോയതിലും ജാഗ്രതക്കുറവുണ്ടെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്.

അതേസമയം സ്വന്തം പാർട്ടി നേതാവിനെ പരസ്യമായി തള്ളിപ്പറയാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഎം നേതൃത്വം. പാർട്ടി പ്രാദേശിക ഘടകത്തെ പോലും അറിയിക്കാതെ ഉദ്ഘാടനത്തിന് പോയതിൽ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കിലും സർക്കാർ പ്രതിരോധത്തിൽ നിൽക്കെ പരസ്യമായി പ്രതികരിക്കാൻ നേതാക്കൾ തയ്യാറല്ല. 27ന് സഭ ആരംഭിക്കുമ്പോള്‍ സർക്കാരിനൊപ്പം സ്പീക്കറേയും പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.