കേരള കോണ്‍ഗ്രസ് എമ്മിലെ പ്രതിസന്ധി തുടരുന്നു. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ട് വീഴ്ചയക്ക് ഇല്ലെന്ന് ഇരു വിഭാഗവും നിലപാട് സ്വീകരിച്ചതാണ് പ്രതിസന്ധി തുടരാന്‍ കാരണം. ഈ സാഹചര്യത്തില്‍ സി.എഫ് തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സഭ നേതൃത്വം നേരിട്ട് ഇരു വിഭാഗവുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്തി കഴിഞ്ഞു. യു.ഡി.എഫും എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഒരു വിട്ടുവീഴ്ചയ്ക്കും ഇരുവിഭാഗവും തയ്യാറായിട്ടില്ല. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ജോസഫും ജോസ് കെ മാണിയും കടുംപിടുത്തം തുടരുകയാണ്.
നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങളും ഇതോടെ പരാജയപ്പെട്ടിരിക്കുയാണ്. ചര്‍ച്ചയ്ക്ക് വേണ്ടി ഒന്നിച്ചിരിക്കാന്‍ പോലും നേതാക്കള്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ സിഎഫ് തോമസിനെ ചെയര്‍മാന്‍ പദവിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും സജീവമായിട്ടുണ്ട്. മധ്യസ്ഥചര്‍ച്ചകള്‍ നടത്തുന്ന സഭയും യു.ഡി.എഫുമാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.
എന്നാല്‍ ഇരു വിഭാഗവും ഇതും അംഗീകരിക്കുന്നില്ലെന്നാണ് സൂചന. ഇരുവിഭാഗവും വിട്ട് വീഴ്ചകള്‍ക്ക് തയ്യാറാകാതെ സംസ്ഥാന സമിതി ചേര്‍ന്നാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉറപ്പായേക്കുമെന്നാണ് സൂചന.