Kerala

കോഴിക്കോട് ബാങ്ക് തട്ടിപ്പ്: കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; ഒളിവിലുള്ള മുന്‍ മാനേജര്‍ക്കായി തെരച്ചില്‍

കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടമായെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. ഒളിവില്‍ തുടരുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എം പി റിജിലിനായി ഊര്‍ജിത അന്വേഷണം നടന്നുവരികയാണ്. 

നഷ്ടമായ പണം 24 മണിക്കൂറിനകം കോര്‍പറേഷന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയിരുന്നു. സ്വകാര്യ വ്യക്തികളെയും വഞ്ചിച്ചോ എന്ന് ബാങ്ക് പരിശോധിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

കൂടുതല്‍ തട്ടിപ്പ് നടത്തിയോ എന്നറിയാന്‍ ചൈന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ പരിശോധന ബാങ്കില്‍ തുടരുകയാണ്. കോര്‍പറേഷന്റെ ആറ് അക്കൗണ്ടുകളില്‍ നിന്നായി പതിനാല് കോടി എഴുപത്തിരണ്ട് ലക്ഷം രൂപ റിജില്‍ പല ഘട്ടങ്ങളിലായി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ബാങ്ക് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതോക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.