India Kerala

ഫാത്തിമയുടെ മരണം; മൂന്ന് അധ്യാപകരെ ചോദ്യം ചെയ്തു,

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മൂന്ന് അധ്യാപകരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെയാണ് ചോദ്യം ചെയ്തത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ ഐ.ഐ.ടി അംഗീകരിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ നിരാഹാര സമരം തുടരുകയാണ്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അന്വേഷണ സംഘം അധ്യാപകരെ ചോദ്യം ചെയ്തത്. ഇത് മൂന്ന് മണിക്കൂറോളം നീണ്ടു. മൂന്ന് പേരെയും വെവ്വേറെ ഇടങ്ങളിൽ ഇരുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. അന്വേഷണവുമായി മുൻപോട്ട് പോകുന്നുവെന്ന് മാത്രമാണ് അന്വേഷണ സംഘം അറിയിച്ചത്. മറ്റ് നടപടികളെ കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല. സമൻസ് അയച്ച് അധ്യാപകർ ഹാജരാകാത്ത സാഹചര്യത്തിലാണ് കാംപസിനകത്തു വച്ച് ഇവരെ ചോദ്യം ചെയ്തത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വേഗത്തിൽ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായതോടെ നിരാഹാരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

സമരക്കാരുടെ പ്രധാന ആവശ്യമായ, ഫാത്തിമയുടെ മരണത്തിലെ ആഭ്യന്തര അന്വേഷണം അനുവദിയ്ക്കാൻ സാധിക്കില്ലെന്ന് ഡയറക്ടർ ഭാസ്കർ രാമമൂർത്തി നേരത്തെ ഇ മെയിൽ വഴി സമരക്കാരെ അറിയിച്ചിരുന്നു.

ഫാത്തിമയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഇന്ന് രാവിലെ പത്തരയ്ക്ക് ചെന്നൈ വള്ളുവർ കോട്ടത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധ സംഗമം നടക്കും. എസ്.എഫ്.ഐയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.