ബാലഭാസ്കറിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. കേസിന്റെ രണ്ടാം ഘട്ട അന്വേഷണത്തിലെടുക്കേണ്ട നടപടികളെ കുറിച്ചും തീരുമാനങ്ങളെടുക്കും. ഫോറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ അർജുനെ ചോദ്യം ചെയ്യുകയുള്ളൂ.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ 10.30ഓടെ അന്വേഷണ സംഘം യോഗം ചേരും. അന്വേഷണ പുരോഗതി വിലയിരുത്തലും മുന്നോട്ട് പോക്കിന് വേണ്ട നടപടികൾ തീരുമാനിക്കലും യോഗത്തിൽ ഉണ്ടാകും. ഐ.ജിയും എസ്.പിയും എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും അന്വേഷണ സംഘത്തിന് നിർദ്ദേശമുണ്ട്.
ബാലഭാസ്കറിന്റെ ഫോണിനായി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിച്ചേക്കും. റോഡ് പരിശോധനയും ഫോറൻസിക് പരിശോധനാ ഫലവുമാണ് ഇനി നിർണായകം. ഇത് പൂർത്തിയാക്കിയ ശേഷമേ അർജുനെ ചോദ്യം ചെയ്യുകയുള്ളൂ. അർജുൻ ഒഴികെ മറ്റെല്ലാവരുടേയും മൊഴി ഏറെകുറേ ശരിയാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.