India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതിനാല്‍ വകുപ്പ്തല നടപടി ഇന്നോ നാളെയൊ ഉണ്ടാകും. രാജ്കുമാറിനെ മര്‍ദിച്ച മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. വേണുഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ വകുപ്പ്തല നടപടി ഉടന്‍ ഉണ്ടാകും. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ എസ്.പിക്കെതിരെ പരാമര്‍ശങ്ങളുണ്ട്. പ്രതി രാജ്കുമാറിനെ അനധികൃതമായി ജൂണ്‍ മാസം 12 മുതല്‍ 15 വരെ കസ്റ്റഡിയില്‍ സൂക്ഷിച്ചതും മര്‍ദ്ദനം ഉണ്ടായതും സംബന്ധിച്ച് എസ്പിക്ക് അറിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്നോ നാളെയോ ഡി.ജി.പിക്കും സര്‍ക്കാരിലും സമര്‍പ്പിക്കും. അങ്ങനെയെങ്കില്‍ തല്‍സ്ഥാനത്ത് നിന്ന് എസ്.പിയെ നീക്കം ചെയ്തേക്കും.

കൊലപാതകത്തില്‍ ഇതുവരെ അറസ്റ്റിലായ നെടുങ്കണ്ടം സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി പീരുമേട് സബ് ജയിലിലും എസ്.ഐ കെ.എ സാബു ദേവികുളം സബ് ജയിലിലുമാണ് കഴിയുന്നത്. പൊലീസ് ഡ്രൈവര്‍ നിയാസ്, സി.പി.ഒ റെജിമോന്‍ എന്നിവരാണ് ഒളിവിലുള്ളത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഇവരാണ് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് സജീവ് ആന്റണി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഇടുക്കി എസ്.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് കുയിലിമലയിലെ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.