India Kerala

കൊച്ചിയില്‍ സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

മെട്രോ നഗരമായ കൊച്ചിയില്‍ സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സിറ്റി പൊലീസ് വെബ്സൈറ്റിലെ കണക്ക് പ്രകാരം നാല് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 1036 കേസുകളാണ്.

2011 മുതല്‍ 2018 വരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കൊച്ചിയില്‍ സ്ത്രീകള്‍ അത്ര സുരക്ഷിതരല്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആകെ 1036 കേസുകളാണ് 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014ല്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗിക പീഡന കേസുകള്‍ 154 ആണെങ്കില്‍ 2018ല്‍ ഇത് 256 ആയി ഉയര്‍ന്നു. പൂവാല ശല്യകേസുകള്‍ 2014ല്‍ 18 എണ്ണമായിരുന്നുവെങ്കില്‍ 2018ല്‍ 67 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്ത്രീകളെ തട്ടിക്കൊണ്ട് പോയ കേസുകള്‍ ഒന്നില്‍ നിന്ന് 9 ആയി. സ്ത്രീകള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങള്‍ 82ല്‍ നിന്ന് നാലുവര്‍ഷത്തിനിടെ 543 എന്ന കണക്കായി ഉയര്‍ന്നു. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും അതിക്രമം നേരിട്ടതുമായി ബന്ധപ്പെട്ട കേസുകള്‍ കുറഞ്ഞിട്ടുണ്ട്. 2014ല്‍ ഇതുമായി ബന്ധപ്പെട്ട് 150 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2018ല്‍ ഇത് 76 ആയി കുറഞ്ഞിട്ടുണ്ട്. നിയമപാലകര്‍ ജാഗ്രത പുലര്‍ത്തിയത് കൊണ്ട് മാത്രം പരിഹാരമാകുമോ?.