കുട്ടനാട് എം.എൽ.എയായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സീറ്റ് ആവശ്യപ്പെടില്ല. എൻ.സി.പി തന്നെ മത്സരിക്കട്ടേയെന്ന് സി.പി.എം ആലപ്പുഴ ജില്ലാ ഘടകം. എൻ.സി.പിക്ക് ജനപിന്തുണയുള്ള സ്ഥാനാർഥിയെ കണ്ടെത്താനായില്ലെങ്കിൽ മാത്രമേ സീറ്റ് ഏറ്റെടുക്കൂവെന്ന് ജില്ലാ സെക്രട്ടറി മീഡിയവണിനോട് പറഞ്ഞു.
സിറ്റിങ് എം.എൽ.എ മരിച്ച ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അതേ ഘടകകക്ഷിക്ക് സീറ്റ് നൽകുന്നതാണ് എൽ.ഡി.എഫ് ശൈലി. അതു കൊണ്ട് തന്നെ പൊതുസമ്മതനായ സ്ഥാനാർഥിയെ എൻ.സി.പി കണ്ടത്തട്ടേയെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. അരൂരിലെ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട സി.പി.എം പെട്ടെന്ന് കുട്ടനാട് മണ്ഡലം ആവശ്യപ്പെടില്ല. സീറ്റ് ആർക്കും വിട്ടുനൽകേണ്ടതില്ലെന്നാണ് എൻ.സി.പിയുടെ തീരുമാനം. ചാണ്ടിയുടെ ഭാര്യ മേഴ്സിയെ സ്ഥാനാർഥിയാക്കണമെന്ന ഒരഭിപ്രായം ഉയർന്നിട്ടുണ്ട്. സഹോദരൻ തോമസ് കെ തോമസിനും സാധ്യതയുണ്ട്. സ്ഥാനാർഥി ആരെന്ന ചർച്ചക്കിടയിൽ പ്രാരംഭ പ്രവർത്തനങ്ങൾ എൽ.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.