India Kerala

സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകുന്നതിൽ നേതൃത്വത്തിന് അതൃപ്തി

സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകുന്നതിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. പാർട്ടിയുമായി ബന്ധപ്പെടാത്ത വിവാദങ്ങളിൽ പോലും നേതൃത്വം മറുപടി പറയേണ്ടി വരുന്നതിലാണ് നേതാക്കള്‍ക്ക് അതൃപ്തിയുള്ളത്. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തിൽ യാതൊരു തരത്തിലുള്ള പ്രതിരോധവും സ്വീകരിക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ.

ദുബൈയിൽ ബിനോയ് കോടിയേരി കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണത്തിന്റെ അലയൊലികൾ കെട്ടടങ്ങിയതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടെ മകനെതിരെ മറ്റൊരാരോപണം കൂടി ഉയർന്നിരിക്കുന്നത്.സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട തുടർച്ചയായ വിവാദങ്ങളിൽ പാര്‍ട്ടി പ്രതിക്കൂട്ടിലാവുന്നതില്‍ നേതൃതലത്തില്‍ കടുത്ത അതൃപ്തിയുണ്ട്.പാര്‍ട്ടിയുമായി ബന്ധമില്ലാത്ത വിവാദങ്ങളില്‍ പോലും സി.പി.എം പ്രതിരോധത്തിലാവുകയും മറുപടി പറയേണ്ടിയും വരുന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.ഈ ആഴ്ച അവസാനം നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലും വിഷയം ഉയര്‍ന്ന് വന്നേക്കാം.അതേസമയം ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ യാതോരു തരത്തിലുള്ള പ്രതിരോധവും തീര്‍ക്കേണ്ടെന്ന ധാരണയാണ് നേതൃതലത്തിലുണ്ടായിരിക്കുന്നത്.

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയം വ്യക്തിപരമാണെന്നും പാര്‍ട്ടി അത് പരിശോധിക്കേണ്ടതില്ലെന്നുമുള്ള നേതാക്കളുടെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്.പാര്‍ട്ടി കേന്ദ്ര നേതൃത്വവും സമാനമായി നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്.പ്രതിപക്ഷം വിഷയം ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും നിയമസഭ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കാനുള്ള സാധ്യതയും പാര്‍ട്ടി നേതൃത്വം തള്ളിക്കളയുന്നില്ല.