ആന്തൂര്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി സി.പി.എം. പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാ നേതൃയോഗം വിളിച്ച് ചേര്‍ക്കും.
പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി അണികളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവും കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളക്ക് നേരെയാണ് പ്രധാനമായും ആരോപണത്തിന്റെ മുന നീണ്ടത്. ഇന്നലെ സാജന്റെ വീട്ടിലെത്തിയ ജില്ലാ സെക്രട്ടറി എം.വിജയരാജനടക്കമുളള നേതാക്കളോട് രണ്ട് കാര്യങ്ങളാണ് സാജന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഒന്ന് അടിയന്തരമായി ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കുക,രണ്ട് പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കുക. രണ്ട് കാര്യങ്ങളിലും അനുകൂല നിലപാടെടുക്കുമെന്ന ഉറപ്പ് നേതാക്കള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അനുഭാവി കൂടിയായ സാജന്‍ നേരത്തെ സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു.
എന്നാല്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും അനുമതി വൈകിപ്പിക്കുകയാണ് പി.കെ ശ്യാമള ചെയ്തത്. ഇക്കാര്യവും പാര്‍ട്ടി ഗൌരവത്തോടെയാണ് കാണുന്നത്. വിഷയം ചര്‍ച്ച ചെയ്യുന്നതിന് തൊട്ടടുത്ത ദിവസം തന്നെ ജില്ലാ നേതൃ യോഗം വിളിച്ച് ചേര്‍ക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.