India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ആരോപണ വിധേയനായ എസ്.പിക്ക് പരോക്ഷ പിന്തുണയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ എസ്.പിക്ക് പരോക്ഷ പിന്തുണയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് . എസ്.പിയെ ഒഴിവാക്കി ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. അതേസമയം ക്രൈംബ്രാഞ്ച് നെടുങ്കണ്ടം സ്റ്റേഷനിലെയും, പീരുമേട് സബ് ജയിലിലെയും സിസി ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്.

കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുകളിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കട്ടപ്പന ഡി.വൈ.എസ്.പി, നെടുങ്കണ്ടം സി.ഐ, എസ്.ഐ എന്നിവര്‍ ഒത്തുകളിച്ചുവെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു. എന്നാല്‍ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തില്‍ സംഭവത്തില്‍ വീഴ്ച വരുത്തിയതില്‍ പ്രധാനിയായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിന്റെ പേര് ഒഴിവാക്കിയാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത് എന്നത് ശ്രദ്ധേയമാണ്. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് അറിയാതെ പ്രതി രാജ്കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചുവെന്നാണ് സി.പി.എം നിലപാട്.

ജൂണ്‍ 12ന് വൈകിട്ട് 5.30ന് രാജ്കുമാറിനെ കസ്റ്റ‍ഡിയില്‍ എടുത്ത് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യം മീഡിയവണ്‍ പുറത്ത് വിട്ടിരുന്നു. ഇത് പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും പിന്നീടുള്ള മണിക്കൂറുകളിലെ ദൃശ്യങ്ങള്‍ അപ്രത്യക്ഷമായ ശേഷം 14ന് തെളിവെടുപ്പിനായി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഉള്ളതെന്ന ആരോപണമാണ് ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിക്കുന്നത്. സംഭവത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ച പൊലീസുകാരുടെ വിശദമായ മൊഴി ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ശേഖരിക്കും.