India Kerala

ബിനോയ് കോടിയേരി, ആന്തൂര്‍ വിവാദങ്ങള്‍; സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും

ബിനോയ് കോടിയേരി, ആന്തൂര്‍ വിവാദങ്ങള്‍ കത്തി നില്‍ക്കെ . നാളെ സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റി യോഗവും നടക്കും. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് നേതൃയോഗങ്ങളുടെ പ്രധാന അജണ്ട.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യക്തിപരമായ വിഷയമായി കണ്ടാല്‍ മതിയെന്നും പാര്‍ട്ടി അതിന് മറുപടി പറയേണ്ടതില്ലെന്നുമാണ് നേതൃതലത്തിലുണ്ടായ ധാരണ. എന്നാല്‍ നാളെ ആരംഭിക്കുന്ന നേതൃയോഗങ്ങളില്‍ ഈ വിഷയം ഉയര്‍ന്ന് വരും. ബിനോയിക്കെതിരെ ആരോപണം ഉന്നയിച്ച യുവതി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതി അവര്‍ സംസ്ഥാനനേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇത് കൊണ്ട് തന്നെ വിഷയം പരിഗണിക്കാതിരിക്കാന്‍ നേതൃത്വത്തിന് കഴിയില്ല. എന്നാല്‍ വിവാദത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്ന ധാരണയുണ്ടാകാനാണ് സാധ്യത. നിയമപരമായ നടപടികള്‍ പുരോഗമിക്കുന്നത് കൊണ്ട് വിവാദവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികരണങ്ങള്‍ നടത്തേണ്ടെന്ന ധാരണയുണ്ടായേക്കും. അതേസമയം ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദവും യോഗത്തിന്‍റെ പരിഗണനക്ക് വരും. സിപിഎം ഭരിക്കുന്ന സ്ഥലത്ത് വ്യവസായത്തിന് അനുമതി നല്‍കാന്‍ വൈകിയതിന്‍റെ പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. വ്യവസായ സംരഭങ്ങള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്ന വിമര്‍ശനം നേതൃയോഗങ്ങളിലുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് നേതൃയോഗങ്ങളുടെ പ്രധാന അജണ്ട. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ബൂത്ത് തലം വരെ പരിശോധിക്കാന്‍ ഈ മാസം ആദ്യം ചേര്‍ന്ന സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനിച്ചിരിന്നു. ബുത്ത് തലം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമായിരിക്കും തോല്‍വിയുടെ കാരണങ്ങളും, നിലവിലെ തിരിച്ചടി മറികടക്കാനുള്ള തിരുത്തല്‍ നടപടികളും പാര്‍ട്ടി തീരുമാനിക്കുന്നത്. ഏതെങ്കിലും മണ്ഡലത്തിലെ തോല്‍വി പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെങ്കില്‍ അക്കാര്യത്തിലും മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നേതൃയോഗങ്ങളില്‍ തീരുമാനമുണ്ടാകും.