India Kerala

സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാനായി സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മാര്‍ച്ച് ഒന്നുമുതല്‍ നാല് വരെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ജനുവരി പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ നിലവില്‍ കൊവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ സമ്മേളനം മാറ്റി വയ്‌ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 17 മുതല്‍ സി.പി.എം നേതൃയോഗങ്ങള്‍ ചേരും.

ആലപ്പുഴ ജില്ലാ സമ്മേളനം മാത്രമാണ് ഇനി നടക്കാനുള്ളത്. അത് ഈ മാസം 15, 16 തീയതികളില്‍ നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായേക്കും. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റേയും പാര്‍ട്ടി കോണ്‍ഗ്രസിന്റേയും സമയക്രമത്തിലും ഇന്നു തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.