Kerala

ആർ.എസ്.എസുമായി മുമ്പും ചർച്ച നടത്തിയിട്ടുണ്ട്, കോടിയേരിയും താനും പങ്കെടുത്തു: പി ജയരാജൻ

കൽപറ്റ: ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ ആർ.എസ്.എസുമായി നടത്തിയ ചർച്ച പുതിയതല്ലെന്നും മുമ്പും ഇത്തരം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ. കണ്ണൂരിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരിയും താനും ആർ.എസ്.എസ് നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. പയ്യന്നൂരിലും തലശ്ശേരിയിലും ചർച്ച നടന്നതായി ജയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

ചർച്ചക്ക് ഗുണഫലങ്ങൾ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കുേമ്പാഴാണ് പിണറായി ചർച്ചയിൽ സംബന്ധിച്ചത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായെങ്കിലും പൊതുവിൽ സമാധാനം ഉണ്ടായി. ശ്രീ എമ്മിന്റെ മധ്യസ്ഥതയിലെ ചർച്ച രഹസ്യ ബാന്ധവം അല്ല. രാഷ്ട്രീയവൈരം അവസാനിപ്പിക്കാനാവില്ല. കായികമായ ഏറ്റുമുട്ടലാണ് പ്രശ്‌നം. അത് അവസാനിപ്പിക്കാൻ ആർ.എസ്.എസ് തയാറെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ റെഡിയാണെന്നു പറഞ്ഞു. ആർ.എസ്.എസ് അക്രമം തുടരുമ്പോൾ പ്രതിരോധമാണ് സംഭവിച്ചത്.

മുകൾതട്ടിലല്ല, പ്രാദേശിക സംഘർഷങ്ങളാണ് ഏറ്റുമുട്ടലുകൾക്ക് കാരണം. തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ ചർച്ചകൾ ദുർവ്യാഖ്യാനം ചെയ്യുകയാണ്. 2019 ഫെബ്രുവരിയിൽ ശ്രീ എം കണ്ണൂരിൽ പദയാത്രയുമായി വന്നപ്പോഴും അതിൽ ആർ.എസ്.എസുകാരും സി.പി.എമ്മുകാരും കോൺഗ്രസുകാരും പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസ് ആണ് അഖിലേന്ത്യതലത്തിലും കേരളത്തിലും ആർ.എസ്.എസുമായി മൃദുത്വ സമീപനം തുടരുന്നത്. വർഗീയ പ്രത്യയശാസ്ത്രങ്ങളെ സി.പി.എം ശക്തമായി എതിർത്തുവരുകയാണ്- ജയരാജൻ ചൂണ്ടിക്കാട്ടി.