Kerala

‘പ്രതികള്‍ക്ക് പരോക്ഷ നിര്‍ദേശം നല്‍കാന്‍ ശ്രമം; സ്വര്‍ണകടത്ത് കേസിന്റെ സംശയമുന കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് ചൂണ്ടി സിപിഎം

നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ വി മുരളീധരന്‍ തയ്യാറായില്ല,

സ്വര്‍ണകടത്ത് കേസിന്റെ സംശയമുന കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് ചൂണ്ടി സിപിഎം. നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ വി മുരളീധരന്‍ തയ്യാറായില്ല, അതേസമയം ബാഗേജ് അല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദേശം നല്‍കിയതായാണ് പ്രതികളുടെ മൊഴി. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്തതെന്ന സംശയം ബലപ്പെടുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജനം ടിവിയുടെ കോര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ളതാണെന്നാണ് സിപിഎമ്മിന്‍റെ പ്രസ്താവനയില്‍ പറയുന്നത്. കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിലല്ല എന്ന് പറയാന്‍ പ്രതികളോട് അനില്‍ നമ്പ്യാര്‍ പറഞ്ഞതായാണ് പുറത്തുവന്ന മൊഴികള്‍. കേസിന്‍റെ തുടക്കം മുതല്‍ ഇതേ നിലപാടാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന്‍ സ്വീകരിച്ചിരുന്നത്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ മുരളീധരന്‍ തയ്യാറാകാത്തതും ശ്രദ്ധേയമാണെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

ജനം ടിവിക്ക്‌ ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണപ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല, രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ പുറത്തുവന്ന പാര്‍ട്ടി ബന്ധങ്ങളെ കുറിച്ച് നിലപാട് പറയാന്‍ ബിജെപി തയ്യാറാകണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.