സുപ്രീംകോടതി വിധിയില്‍ വ്യക്തതയില്ലാത്തത് കൊണ്ട് നിലവില്‍ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സി.പി.എം. വിധിയുടെ കാര്യത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നും അത് കൊണ്ട് തിടുക്കപ്പെട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടെന്നും സെക്രട്ടറിയേറ്റ് ധാരണയിലെത്തി. വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാൻ ബോധപൂര്‍വ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്ന് മന്ത്രി എ.കെ ബാലനും പ്രതികരിച്ചു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത സി.പി.എം ഇത്തവണ വിധിയെ കുറിച്ച് പ്രതികരിക്കാന്‍ അത്രയും തിടുക്കം കാട്ടിയിട്ടില്ല. രാവിലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിധി വിശദമായി ചര്‍ച്ച ചെയ്തു. യുവതീപ്രവേശനം അനുവദിക്കാന്‍ നേരത്തെ നിരത്തിയ പല കാര്യങ്ങളും ഏഴംഗബഞ്ചിന്‍റെ പരിഗണനയ്ക്ക് വന്നിട്ടുണ്ട്. മാത്രമല്ല വിശ്വാസവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ഭരണഘടനബഞ്ച് പരിഗണിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ പഴയ വിധിയുടെ കാര്യത്തില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ യുവതീപ്രവേശനത്തിന് വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണ്ടെന്നാണ് സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം. ഇനി ആര്‍ക്കെങ്കിലും പോകണമെന്നുണ്ടെങ്കില്‍ കോടതി വിധിയുമായി വരട്ടെയെന്നാണ് സി.പി.എം നിലപാട്.
വിധിയുടെ കാര്യത്തില്‍ വിദ്ഗദ നിയമോപദേശം തേടിയുട്ടുണ്ടെന്ന് നിയമമന്ത്രി എകെ ബാലനും വ്യക്തമാക്കി. വിധിയുടെ മറവില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാര്‍ അടക്കമുള്ള സംഘടനകളുടെ നീക്കം മുന്നില്‍ കാണണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. അതേസമയം ശബരിമലയിലെ യുവതീപ്രവേശം ലീംഗനീതിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും, സ്ത്രീയ്ക്കും പുരുഷനും തുല്യനീതി എന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്നും സി.പി.എം നേതാക്കള്‍ വ്യക്തമാക്കി.