India Kerala

വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എം

വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എം. പിരിവ് തരാത്തവരെ വെറുപ്പിക്കുന്ന സമീപനം ഉണ്ടാകരുത്. പണം നല്‍കാത്തവരെ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യരുതെന്ന് തെറ്റ് തിരുത്തൽ രേഖ .തെറ്റ് തിരുത്തൽ രേഖയിൽ സി.പി.എം സംസ്ഥാന സമിതിയിൽ ചര്‍ച്ച തുടരുകയാണ്.

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സി.പി.എമ്മിന്റെ നേതൃയോഗങ്ങൾ നടക്കുന്നത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച കരട് റിപ്പോർട്ടിന്മേൽ സംസ്ഥാന സമിതിയിലെ ചർച്ച ഇന്നലെ ആരംഭിരിച്ചിരിന്നു. ഇതിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന് വന്നത്. പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം ഉന്നയിക്കുന്നവരെ തരെഞ്ഞ് പിടിച്ച് ഒതുക്കുന്ന പ്രവണതയുണ്ട്. ഇത് ശരിയായ രീതിയല്ല. ഉൾപാർട്ടി ജനാധിപത്യത്തെ നേതൃത്വം മാനിക്കുന്നില്ലെന്ന കടുത്ത വിമർശനവും യോഗത്തിലുണ്ടായി. പാർട്ടി കമ്മിറ്റികളിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങണം എന്നാലെ നിലവിലെ തിരിച്ചടി മറികടക്കാന്‍ കഴിയുവെന്നും അഭിപ്രായമുണ്ടായി .

പാർട്ടിയിൽ സുഖിമാന്മാരുടെ എണ്ണം കൂടുന്നുവെന്ന് കോടിയേരി അവതരിപ്പിച്ച തെറ്റുതിരുത്തൽ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ജില്ലാ പ്രദേശിക നേതൃത്വങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനൊപ്പം സംസ്ഥാന നേതൃത്വത്തിനെതിരേയും യോഗത്തിൽ വിമർശനം ഉയർന്ന് വരാൻ സാധ്യതയുണ്ട്. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടും യോഗത്തിൽ ചർച്ചക്ക് വരും. ഈ ഘട്ടത്തിൽ പൊലീസിനെതിരെ വിമർശനം ഉയർന്ന് വന്നേക്കും. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാക്കിയെന്ന് ബോധ്യപ്പെട്ട പശ്ചാത്തത്തിൽ നഷ്ടപ്പെട്ട വിശ്വാസി വോട്ടുകൾ തിരികെ പിടിക്കാൻ സി.പി.എം എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഏവരും ഉറ്റ് നോക്കുന്നുണ്ട്.