സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് സി.പി.എം വിലയിരുത്തൽ. 2004ലേതിന് സമാനമായ രാഷ്ട്രീയസ്ഥിതിയാണ് കേരളത്തിലെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എ.കെ.ജി സെന്ററിൽ ചേർന്ന ശില്പശാലയിലാണ് പൊതു രാഷ്ട്രീയ സാഹചര്യങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചത്. ശബരിമല വിവാദം അനുകൂലമായി മാറ്റാനാകും. ചില മേഖലകളിലും ജനവിഭാഗങ്ങളിലുമുണ്ടായിട്ടുള്ള തെറ്റിദ്ധാരണ നീക്കണം. ന്യൂനപക്ഷങ്ങൾക്കിടയിലുൾപ്പെടെ വർദ്ധിപ്പിക്കാനായിട്ടുണ്ട്. എന്നാൽ മത ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനുള്ള ശക്തമായ ഇടപെടലുണ്ടാകണം.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെക്കാൾ യു.ഡി.എഫ് ദുർബലമായി. എന്നാൽ ഇതിന്റെ ഗുണം ബി.ജെ.പിക്ക് ലഭിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും കോടിയേരി പറഞ്ഞു. സർക്കാരിന്റെ വികസനനേട്ടങ്ങൾ വിശദമായി മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. ഭരണനേട്ടങ്ങളും വികസന പരിപാടികളും പരമാവധി ജനങ്ങളിലേക്കെത്തിക്കാനാവണമെന്ന് യോഗം നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള ബൂത്ത്തല കൺവെഷനുകൾ ഈ മാസം 30നകം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. ഇന്നും നാളെയുമായി മണ്ഡലാടിസ്ഥാനത്തിലും ശില്പശാലകൾ ചേരും.