Kerala

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; പ്രതികളെ സംരക്ഷിക്കില്ലെന്ന് സക്കീര്‍ ഹുസൈന്‍

പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ അക്കൌണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപയാണ് മാറ്റിയത്

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരായ നടപടിയെ സ്വാഗതം ചെയ്ത് സി.പി.എം. പ്രതികളെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം സി.പി.എമ്മിന്റെ കൂടുതല്‍ നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ അക്കൌണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപയാണ് മാറ്റിയത്. കേസില്‍ കലക്ട്രേറ്റ് ജീവനക്കാരനടക്കം ഏഴ് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. സി.പി.എം തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.എം അന്‍വറിനെയും നിധിനേയും പാര്‍ട്ടി ഇതോടകം പുറത്താക്കി കഴിഞ്ഞു. ഒരു തരത്തിലും ഇവരെ സംരക്ഷിക്കില്ലെന്ന് സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ മീഡിയവണിനോട് പറഞ്ഞു,

അന്‍വറിന്റെ ഭാര്യ ഖൌലത്തിന്രെ പാര്‍ട്ടി അംഗത്തവും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അയനാട് സഹകരണ ബൈങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെക്കാനും പാര്‍ട്ടി ഖൌലത്തിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സി.പി.എമ്മിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇവരെ സി.പി.എം ജില്ലാ നേതൃത്വം സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

പാര്‍ട്ടി അംഗങ്ങശുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ ന്യായികരിക്കില്ലെന്നും കോണ്‍ഗ്രസ് ഇതിനെ രാഷ്ട്രീയമായി നേരിടുന്നതില്‍ അര്‍ത്ഥമില്ലെന്നും സക്കീര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.